ആലക്കോട്/മടന്പം: മഞ്ഞളിപ്പും കൂമ്പ് ചീയൽ രോഗബാധയും കാരണം മലയോരത്തെ കമുക് കൃഷി നാശത്തിന്റെ വക്കിൽ. മഞ്ഞളിപ്പ് ബാധിച്ച് മണ്ട പോയ കമുകുകള്‍ വ്യാപകമായി മുറിച്ചു മാറ്റുകയാണ് കർഷകർ. ഒരുകാലത്ത് ദീര്‍ഘകാല വിളകളില്‍ ഏറെ ലാഭകരമായിരുന്നു കമുകെങ്കിൽ ഇന്ന് സ്ഥിതി മാറി. മലയോരത്തെ വ്യാപകമായിരുന്ന കമുകിൻ തോട്ടം ഇന്ന് മറ്റ് കൃഷിക്ക് വഴിമാറികൊണ്ടിരിക്കുകയാണ്.
ചപ്പാരപ്പടവ്, നടുവിൽ, എരുവേശി, ആലക്കോട്, ഉദയഗിരി, ചെറുപുഴ പയ്യാവൂർ, ഉളിക്കൽ, ഇരിക്കൂർ, ചെങ്ങളായി, നടുവിൽ പഞ്ചായത്തുകളിൽ ഏക്കറുകണക്കിന് തോട്ടങ്ങളിലാണ് മഞ്ഞളിപ്പ്, കൂമ്പ് ചീയൽ രോഗം പടർന്നുപിടിച്ചിരിക്കുന്നത്. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റവും കമുകിന്റെ പ്രതിരോധശേഷി കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമായി പറയുന്നത്. ഇലയുടെ അഗ്രഭാഗത്താണ് രോഗലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അഗ്രഭാഗത്ത് മഞ്ഞനിറം പടരുകയും ഇലയുടെ നടുവിലൂടെ തവിട്ടുനിറത്തിലുള്ള വരകൾ തെളിയുകയും ചെയ്യും. ക്രമേണ ഇലകൾ മുഴുവൻ മഞ്ഞനിറമാകുകയും കരിഞ്ഞുണങ്ങുകയും ചെയ്യും. ഓലകളുടെ ഹരിതകം നഷ്ടപ്പെടുന്നതാണ് മഞ്ഞളിപ്പിന് കാരണം.
രോഗം ബാധിക്കുന്നതോടെ തന്നെ അടയ്ക്ക ഉത്പാദനത്തിന്റെ അളവ് കുറഞ്ഞു തുടങ്ങും. ശോഷിച്ചു കുലയ്ക്കുന്ന പൂങ്കുലയിൽ നിന്ന് ലഭിക്കുന്ന അടയ്ക്കകളുടെ എണ്ണവും കുറവായിരിക്കും. ഇവ മൂപ്പെത്തുന്നതിന് മുന്‍പേ കൊഴിഞ്ഞു പോകുകയും ചെയ്യും. രോഗബാധ കാരണം വര്‍ഷങ്ങളായി മലയോര മേഖലയിൽ അടയ്ക്ക ഉത്പാദനത്തിന്റെ തോത് കുറഞ്ഞു കുറഞ്ഞു വരികയാണ്. ഒരു കമുകിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ അടുത്തതിലേക്ക് രോഗം വ്യാപിക്കും. നേരത്തെ ഭേദപ്പെട്ട വില ലഭിച്ചതിനെ തുടർന്ന് നിരവധി കർഷകർ കമുക് കൃഷിയിലേക്ക് മാറിയിരുന്നു. രോഗവ്യാപനം ഇവർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ശ്രീകണ്ഠപുരം മേഖലയിൽ മടമ്പം,അലക്സ് നഗർ,കാഞ്ഞിലേരി,പ്ടാരി,കൈതപ്രം,ചുണ്ടക്കുന്ന്, സാൻജോസ്, പാറക്കടവ്,കടുതോടിൽ ഭാഗങ്ങളിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആറളം ഫാമിൽ നിന്ന് വിതരണം ചെയ്ത അത്യുത്പാദന ശേഷിയുള്ള രോഗപ്രതിരോധമുള്ള കമുകുകൾ വരെ രോഗം വന്നു നശിക്കുന്നുണ്ട്. രോഗബാധയ്ക്കൊപ്പം വിലയിലെ അസ്ഥിരതയും കർഷകരെ മാറി ചിന്തിപ്പിക്കുകയാണ്. തോട്ടങ്ങളിലെ കമുകിൻ തടികൾ കിട്ടിയ വിലയ്ക്ക് വെട്ടി മാറ്റി വാഴകൃഷിക്കുള്ള താങ്ങുകാലായി നൽകുന്ന ഗതികേടിലേക്ക് വരെയാണ് കർഷകർ എത്തി നിൽകുന്നത്. 70 രൂപ നിരക്കിലാണ് കർഷകർ കമുകിൻ തടികൾ ഇത്തരത്തിൽ മുറിച്ചു നൽകുന്നത്.
ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടും ഫലമില്ല!
രോഗം നിയന്ത്രിക്കാനും രോഗം ബാധിച്ച കമുകുകളെ പൂർവസ്ഥിതിയിലാക്കാനുമായി കാർഷിക വകുപ്പ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെങ്കിലും രോഗബാധ തടയാൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. രോഗം ബാധിച്ചവയെ ഒരു വർഷം വരെ നിലനിർത്തി ആവശ്യമായ പരിചരണം നൽകിയാൽ ഭൂരിഭാഗവും സംരക്ഷിക്കാനാകുമെന്നാണ് കൃഷിവകുപ്പധികൃതർ അവകാശപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച ആവശ്യമായ അറിവും നിർദേശങ്ങളും കർഷകരിലേക്ക് യഥാസമയം എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. കൃഷി സംരക്ഷിക്കുന്നതിനും നശിച്ച കമുകുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും അടിയന്തര നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
ആറളത്തെ കമുക് ചതിക്കില്ലെന്നതും പാഴ്വാക്ക്
“ഒരുകാലത്ത് കമുക് കർഷകർ മത്സരബുദ്ധിയോടു കൂടിയാണ് ആറളം കൃഷിഫാമിൽ നിന്നുള്ള കമുകിൻ തൈകൾ വാങ്ങി നട്ടുവളർത്തിയത്. തെങ്ങ് ചതിക്കില്ലെന്ന് പറയുന്നതു പോലെ ആറളം കമുകും ചതിക്കില്ലെന്നത് കർഷകർക്കിടയിലെ വിശ്വാസമായിരുന്നു. എന്നാലിപ്പോൾ അതും ഇല്ലാതായി. ആറളം കമുകിൻ തൈകൾ നട്ടുവളർത്തി ഏഴു വർഷമായി വളമുൾപ്പടെയുള്ളവ നൽകി പരിപാലിച്ചവ പോലും രോഗത്തിന് കീഴ്പ്പെടുകയാണ്. കൃഷി ഓഫീസർമാർക്കും രോഗബാധ എങ്ങിനെ തടയണമെന്ന കാര്യത്തിൽ വ്യക്തതിയില്ല. കമുകിന് രോഗം പടരുന്നത് പഠിക്കാൻ ഇനി ആര് വരും ? മടുത്തുപോയി.”
ജോസ് കടുതോടിൽ (കർഷകൻ)